ഗുരുഗ്രാം: ഐവിഎഫിലൂടെ ജനിച്ച ഇരട്ടക്കുട്ടികൾക്ക് തങ്ങളുടെ ജനിതകഘടനയില്ലെന്ന പരാതിയുമായി ഡൽഹി സ്വദേശികളായ ദന്പതികൾ പോലീസിനെ സമീപിച്ചു.
തങ്ങളുടെ സ്വന്തം കുട്ടിയെ തിരിച്ചുതരണമെന്നും ആശുപത്രി അധികൃതർ ഐവിഎഫ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്നും എൻജിനിയർ രാഹുൽ റാത്തോഡ്(41), ഭാര്യ മീനു(39) എന്നിവർ ഗുരുഗ്രാം പോലീസിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
2024 ഡിസംബറിലാണ് ദന്പതികൾ ഡോ. ഋതു ഗാർഗിനെ കാണുന്നത്. പിന്നീട് ഗ്രേറ്റർ കൈലാശ്-1 ലെ എസ്സിഐ ആശുപത്രിയിൽ ഡോ. ശിവാനി സച്ച്ദേവിന്റെ ഉപദേശപ്രകാരം ഇൻ വിട്രോ ഫെർട്ടിലൈസേഷൻ ചികിത്സ നടത്താൻ തീരുമാനിച്ചു. കഴിഞ്ഞവർഷം ജനുവരി ഒന്പതിന് ഇരുവരും വൈദ്യപരിശോധനകൾക്കു വിധേയരായി. മേയ് 24ന് മീനു ഗർഭം ധരിച്ചു. ഈ വർഷം ജനുവരി അഞ്ചിന് മീനു ഇരട്ടക്കുട്ടികളുടെ അമ്മയായി.
എന്നാൽ, ചികിത്സയിൽ സംശയം തോന്നിയ ഇരുവരും ഡിഎൻഎ പരിശോധനയ്ക്കു വിധേയരായി. കുട്ടികളുടെ ജനിതകഘടന തങ്ങളുടേതിനു സമാനമല്ലെന്നും കുട്ടികൾ മറ്റൊരുടെയോ ആണെന്നുമാണ് ഇരുവരും ആരോപിക്കുന്നത്.
ചികിത്സത്തുക പൂർണമായി നൽകണമെന്നും പോലീസിൽ പരാതി നൽകിയാൽ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും ആശുപത്രി അധികൃതർ ഭീഷണിപ്പെടുത്തിയെന്നും തുടർന്ന് കോടതിയെ സമീപിച്ച് പോലീസ് അന്വേഷണത്തിന് അനുമതി തേടുകയായിരുന്നുവെന്നും രാഹുൽ പറഞ്ഞു. എന്നാൽ, ഇതേക്കുറിച്ച് പ്രതികരിക്കാൻ ആശുപത്രി അധികൃതർ തയാറായിട്ടില്ല.